അഗർത്തല:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്.ഇക്കഴിഞ്ഞ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ മാറ്റി നിർത്തിക്കൊണ്ട് ധൻപൂരിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎയും കേന്ദ്ര സഹമന്ത്രിയുമാണ് പ്രതിമ ഭൗമിക്. വടക്കുകിഴക്കൻ മേഖലയ്‌ക്ക് ശരിയായ ഒരു മുഖം നൽകിയത് നരേന്ദ്രമോദിയാണെന്ന് പ്രതിമ വ്യക്തമാക്കി. മോദി ഉള്ളത് കൊണ്ടാണ് താൻ ബി ജെ പിയിലേക്ക് വന്നതെന്നും ഭൗമിക് കൂട്ടിച്ചേർത്തു.നരേന്ദ്രമോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാണെന്നും അവർ പറഞ്ഞു
ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ എവിടെയാണെന്ന് ഇപ്പോൾ ലോകത്തിന് മുഴുവൻ അറിയാമെന്നും ത്രിപുരയിൽ, ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ആശയം മുൻനിർത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രതിമ ഭൗമിക് വ്യക്തമാക്കി.വൈദ്യുതി, വെള്ളം, റോഡുകൾ, കോളേജുകൾ, സ്ത്രീകൾക്ക് സുസ്ഥിരമായ ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും മോദിസർക്കാരിന്റെ ഇടപെടലുണ്ടായെന്നും ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ചെയ്തതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇനിയും നടത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നൽകിയിരുന്നുവെന്നും മോദി അത് ചെയ്യുമെന്നും ഭൗമിക് വ്യക്തമാക്കി.

