മഞ്ചേരി: പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വർണ്ണം മോഷ്ടിക്കുന്ന (Thief Arrested In Malappuram) ആൾ പിടിയിൽ. പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരിപ്പള്ളിയാലിൽ അബ്ദുൾ അസീസാണ് അറസ്റ്റിലായത്. മലപ്പുറം കല്‍പകഞ്ചേരിയില്‍ നിന്നാണ് ഈ പെരുംകള്ളനെ പോലീസ് പിടികൂടിയത്. മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈ ചെയിന്‍, വള,അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ചാണ് ഇയാൾ വീടുകൾ തോറും പിരിവിനെത്തുന്നത്. അതേസമയം വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് അബ്ദുൾ അസീസ് വീടുകളിൽ പിരിവിനായി എത്താറുള്ളത്. ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കും. കൽപ്പകഞ്ചേരിയിലും ആലുവയിലും അബ്ദുൾ അസീസ് സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

