Saturday, May 18, 2024
spot_img

’15 വയസില്‍ താഴെയുളള കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ല’; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിൽ കുട്ടികളെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 15 വയസില്‍ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാന്‍ പാടില്ല. വിവിധ പോലീസ് സ്റ്റേഷനുകളില്‍ വച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമ്മീഷന്‍ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവ രൂപീകരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.

തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൗണ്‍സിലിംഗ് അടക്കം നല്‍കുന്നതിനും നടപടി സ്വീകരിക്കാന്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

Related Articles

Latest Articles