Thursday, November 12, 2026

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഭാരതത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ്; എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തെ പുതിയ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും അതിന്റെ പുരോഗതിക്ക് ആവശ്യമായ പൊതു താത്പര്യങ്ങളെ കുറിച്ചും ഷു ഫെയ്‌ഹോംഗുമായി ചർച്ച നടത്തിയതായി എസ്.ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും മറ്റ് ആഗോള വിഷയങ്ങളെക്കുറിച്ചും ചർച്ച നടന്നതായി ഷു ഫെയ്‌ഹോംഗും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ രീതിയിൽ നന്നായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിൽ നിയമിതനാകുന്ന ചൈനീസ് അംബാസിഡർ കൂടിയാണ് ഇദ്ദേഹം.

”ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും ആഴത്തിലുള്ളതാക്കാനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ട് കൊണ്ടു പോകാനും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ചൈനയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തുമ്പോൾ എല്ലാ രീതിയിലും ഇന്ത്യയിലെ സർക്കാരിൽ നിന്ന് പിന്തുണയും സഹായങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ചൈനയും ഇന്ത്യയും കൈകോർത്താൽ അത് ലോകം മുഴുവൻ ശ്രദ്ധിക്കും. ഇരുകൂട്ടരും തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വർദ്ധിപ്പിക്കുന്നതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും” ഷു ഫെയ്‌ഹോംഗ് പറയുന്നു.

Related Articles

Latest Articles