Thursday, May 16, 2024
spot_img

ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; കുട്ടികളെയടക്കം തടവ് ശിക്ഷയ്ക്ക് വിധിക്കുന്നു; ഭൂമിയിലെ നരകമായി ഉത്തര കൊറിയ

വാഷിങ്ടൻ : ഉത്തരകൊറിയയിൽ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്കും വിധേയരാക്കുന്നുവെന്നാണ് വിവരം. രാജ്യാന്തര മതസ്വാതന്ത്രത്തെക്കുറിച്ചുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2022ലെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

നിലവിൽ 70,000 ക്രിസ്തുമത വിശ്വാസികളാണ് ഉത്തരകൊറിയയിൽ‌ ജയിലിൽ തടവിലുള്ളത്. മറ്റ് മതത്തിൽപ്പെട്ടവരും തടവിലുണ്ട്. മാതാപിതാക്കളുടെ കൈവശം ബൈബിൾ കണ്ടെത്തിയതിനെ തുടർന്ന് 2009-ൽ രണ്ട് വയസ്സുകാരനുൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മതപരമായ ആചാരങ്ങളിൽ ഏർപ്പെടുകയോ മതപരമായ വസ്തുക്കൾ കൈവശം വയ്ക്കുകയോ ചെയ്യുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുക, തടവിൽ വയ്ക്കുക, നിർബന്ധിത ജോലിക്ക് വിധേയരാക്കുക, ശാരീരികമായി ഉപദ്രവിക്കുക, വിചാരണ നിഷേധിക്കുക, നാടുകടത്തുക, ലൈംഗിക അതിക്രമത്തിന് വിധേയരാകുക തുടങ്ങിയവയാണ് ഉത്തരകൊറിയൻ സർക്കാർ ചെയ്യുന്നതെന്നാണ് ആക്ഷേപം. കൊറിയ ഫ്യൂച്ചർ എന്ന സംഘടനയെ ഉദ്ധരിച്ചാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് വർഷം മുൻപ് മതവിശ്വാസത്തിന്‍റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉത്തരകൊറിയയിൽ ഉണ്ടാകുന്നതായി കൊറിയ ഫ്യൂച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. പീഡനത്തിനിരയായ 151 ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘടന അന്ന് റിപ്പോർട്ട് തയാറാക്കിയത്. തടങ്കൽ, ശാരീരിക പീഡനം, നാടുകടത്തൽ, നിർബന്ധിത ജോലിചെയ്യിക്കൽ, ലൈംഗികാതിക്രമം എന്നിവയാണ് ഇവർക്കെതിരെ നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles