Wednesday, December 31, 2025

സിഐ വി എസ് നവാസിനെ കാണാതായ സംഭവം: ഭാര്യ മുഖ്യമന്ത്രിക്കു പരാതിനല്‍കി

തിരുവനന്തപുരം/കൊച്ചി: സെന്‍ട്രല്‍ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇതിനിടെ നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതിനല്‍കി.

മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാണാതായ സെന്‍ട്രല്‍ സിഐ വിഎസ് നവാസിന്റെ ഭാര്യ. തന്റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്‌തെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയത്.

വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ പുള്ളി കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് എന്നോട് പറഞ്ഞത്. പുലര്‍ച്ചയോടെ എഴുന്നേറ്റ് ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നവാസിനെ വയര്‍ലെസിലൂടെ ശാസിച്ച കൊച്ചി സിറ്റി അസി.കമ്മീഷണര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. നവാസിനെ കാണാതായതിന് തലേദിവസം അസി.കമ്മീഷണറുമായി നടത്തിയ വയര്‍ലസ് സംഭാഷണത്തിന്റെ രേഖകള്‍ പരിശോധിക്കണമെന്നും കുറ്റക്കാരനായ അസി. കമ്മീഷണര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അസി.കമ്മീഷണറുടെ നിരന്തരപീഡനം മൂലമാണ് ഭര്‍ത്താവ് വീട് വിട്ട് പോയതെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.

അതേസമയം നവാസിനെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സിഐയുടെ തിരോധനം അന്വേഷിക്കുന്ന കൊച്ചി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. അദ്ദേഹം കേരളം വിട്ട് പോയിട്ടില്ല. കൊച്ചിയിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കയറി നവാസ് കായംകുളം ഭാഗത്തേക്ക് പോയെന്ന് വ്യക്തമായിട്ടുണ്ട്.

Related Articles

Latest Articles