Sunday, May 19, 2024
spot_img

പ്രളയത്തില്‍ തളരാതെ കൊച്ചി വിമാനത്താവളം; സിയാലിന് 166.92 കോടി ലാഭം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 166.92 കോടി ലാഭം. 650.34 കോടിയുടെ ആകെ വിറ്റുവരവാണ് ഉണ്ടായത്. സിയാൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് കേരളത്തെ പ്രളയം തകര്‍ത്തത്. ഈ സമയത്ത് നീണ്ട 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നിട്ടും വിറ്റുവരവിൽ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തിൽ ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

സിയാൽ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ൽ സർവ്വീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേർത്താൽ ആകെ വിറ്റുവരവ് 807.36 കോടിയാണ്. 2017-18 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയർന്നു.

കേരള സർക്കാറിന് 32.41 ശതമാനം ഓഹരിയുള്ളതാണ് സിയാൽ വിമാനത്താവള കമ്പനി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് നാലാമത് നിൽക്കുന്ന വിമാനത്താവളമാണ് കൊച്ചിയിലേത്.

Related Articles

Latest Articles