Thursday, October 29, 2026

‘ക്യാമറ ഡൗൺ’.. ഛായാഗ്രാഹകൻ പി എസ് നിവാസ് അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ പി എസ് നിവാസ് എന്ന പി ശ്രീനിവാസ് അന്തരിച്ചു.രക്താർബുദബാധയെ തുടർന്നായിരുന്നു മരണം. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ പ്രവർത്തിച്ച നിവാസ് 1977-ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയിരുന്നു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

കിഴക്കെ നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽനിന്നു ഫിലിം ടെക്നോളജിയിൽ ബിരുദം നേടി. ‘സത്യത്തിന്റെ നിഴലിൽ’ ആണ് ആദ്യ ചിത്രം. ദീർഘകാലം മദ്രാസിലായിരുന്ന അദ്ദേഹം ഏതാനും വർഷമായി കോഴിക്കോട് ഈങ്ങാപ്പുഴയിലാണു താമസിക്കുന്നത്. ഭാര്യയും മുന്നു മക്കളുമുണ്ട്. ഒരു മാസമായി അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളിൽ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവർത്തിച്ചു. മലയാളത്തിൽ സത്യത്തിന്റെ നിഴലിൽ, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജൻ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സർപ്പം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

തമിഴിൽ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുക്കുൾ ഈറം, സെവന്തി എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീർത്തന, നാനി എന്നീ തെലുഗു ചിത്രങ്ങൾക്കും സോൽവ സാവൻ, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാൽ എന്നീ ഹിന്ദി ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ചു.

കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങളുടെ നിർമാതാവുമായിരുന്നു.

Related Articles

Latest Articles