Thursday, May 16, 2024
spot_img

പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി: പൗരത്വനിയമ ഭേദഗതിയും (സി.എ.എ.) ചട്ടങ്ങളും ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈയിടെ പുറത്തിറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് മാർച്ച് 19ന് തള്ളിയിരുന്നു. ഹർജികളിൽ കേന്ദ്രത്തിന്റെ മറുപടിതേടിക്കൊണ്ടാണ് കോടതി അന്ന് കേസ് മാറ്റിവെച്ചത്.

2019-ൽ പാസാക്കിയ സി.എ.എ. ചോദ്യംചെയ്ത് 237 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇവ തീർപ്പാക്കുംവരെ, ഈമാസം 11-ന് വിജ്ഞാപനംചെയ്ത സി.എ.എ. ചട്ടങ്ങൾ നടപ്പാക്കരുതെന്നുകാട്ടി കേരളസർക്കാരും മുസ്‍ലിംലീഗും ഡി.വൈ.എഫ്.ഐ.യും ഉൾപ്പെടെ നൽകിയ 20 ഇടക്കാല അപേക്ഷകളുമുണ്ട്.

ചട്ടങ്ങൾ സ്റ്റേചെയ്യണമെന്ന ആവശ്യത്തെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. സി.എ.എ. കൊണ്ട് ഹർജിക്കാർക്ക് നഷ്ടമുണ്ടാവില്ലെന്നും ആരുടേയും പൗരത്വം ഇല്ലാതാക്കുന്നതല്ല ഈ നിയമമെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, സി.എ.എ. പ്രകാരം ആർക്കെങ്കിലും പൗരത്വം നൽകിയാൽ അത് തിരിച്ചെടുക്കാനാവില്ലെന്നും അതിനാൽ ചട്ടങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, പൗരത്വ അപേക്ഷ പരിഗണിക്കേണ്ട കമ്മിറ്റികൾ പോലുമായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ചട്ടം സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചത്.

Related Articles

Latest Articles