Sunday, April 28, 2024
spot_img

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കും ,നീക്കവുമായി ബിജെപി |BJP

ബിജെപി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് , പൗരത്വ ഭേദഗതി നിയമം ഉടൻ നിലവിൽ വരുത്തനുള്ള നീക്കത്തിലാണ് ബിജെപി . നിയമത്തിന്റെ ചട്ടങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കം തുടങ്ങി. ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാൻ കഴിയുമെന്നും കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമം നടപ്പാക്കുന്നതോടെ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചട്ടം പുറത്തിറങ്ങും.

രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്ര മോദി സർക്കാർ പൗരത്വഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്. എന്നാൽ ചട്ടം തയ്യാറാക്കാൻ വൈകി. പൗരത്വ ഭേദഗതി നടപ്പിലാക്കിയ ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള തന്ത്രങ്ങളിലേക്ക് ബിജെപി സർക്കാർ കടക്കും. എന്നാൽ ഇത് അടുത്ത പൊതു തിരഞ്ഞെടുപ്പിനേ ശേഷമേ ഉണ്ടാകൂ. ഏതായാലും പൗരത്വഭേദഗതി നിയമം ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ പരിശോധിച്ചാകും നടപടി.

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയായിരിക്കും. ഇതിനുള്ള പോർട്ടലും സജ്ജമാണ്. യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കണം. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാം പരിശോധിച്ച് തീരുമാനം എടുതക്കും. നിയമം പാസാക്കി നാല് വർഷമായിട്ടും സി.എ.എയ്ക്കായുള്ള ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കുന്നത് അസാധ്യമാണ്.

പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബർ 31-ന് മുമ്പ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതും ബിജെപി ചർച്ചയാക്കും. കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് സുപ്രീംകോടതി ശരിവച്ചിരുന്നു. ഇതിന് ശേഷമാണ് പൗരത്വ നിയമവും സജീവമാക്കി കേന്ദ്ര സർക്കാർ നിർത്തുന്നത്.

സി.എ.എ. നടപ്പാക്കുന്നത് തടയാൻ ആർക്കും സാധ്യമല്ലെന്ന് 2023 ഡിസംബർ 27-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. സി.എ.എ.നടപ്പാക്കുക എന്നത് ബിജെപിയുടെ പ്രതിജ്ഞാബദ്ധതയാണെന്നും ഷാ വിശദീകരിച്ചിരുന്നു. ഇതാണ് നടപ്പാകുന്നത്. ആയോധ്യയിലെ ക്ഷേത്ര പുനരുദ്ധാരണ സമർപ്പണത്തിന് പിന്നാലെ പൗരത്വ ഭേദഗതിയിൽ ചട്ടം വരുമെന്നാണ് സൂചന.

Related Articles

Latest Articles