Friday, May 24, 2024
spot_img

ഇങ്ങനെ പോയാൽ സിഐടിയുവിനെ സർക്കാർ നിരോധിക്കും?

ഇങ്ങനെ പോയാൽ സിഐടിയുവിനെ സർക്കാർ നിരോധിക്കും? | CITU

സംസ്ഥാനത്ത് അനാവശ്യ തൊഴിലാളി സമരത്തിൽ ഒരു കട കൂടി പൂട്ടിക്കെട്ടുന്നു. സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന്‌ കണ്ണൂർ ജില്ലയിലെ മറ്റൊരു സ്‌ഥാപനം കൂടിയാണ് അടച്ചുപൂട്ടിയത്. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്‌റ്റീല്‍സ്‌ എന്ന സ്‌ഥാപനമാണ്‌ തൊഴില്‍ സമരത്തെത്തുടര്‍ന്ന്‌ അടച്ചത്‌. സി.ഐ.ടിയു നേതാക്കളുടെ ഭീഷണി മൂലമാണ്‌ സ്‌ഥാപനം അടച്ചു പൂട്ടുന്നതെന്ന്‌ കടയുടമ പറഞ്ഞു. കണ്ണൂര്‍ മാതമംഗലത്ത്‌ സി.ഐ.ടിയു സമരത്തെത്തുടര്‍ന്ന്‌ ഹാര്‍ഡ്‌ വേര്‍ സ്‌ഥാപനം അടച്ചു പൂട്ടിയത്‌ ഏറെ വിവാദമായതിനു പിന്നാലെയാണ്‌ തൊഴില്‍ സമരത്തെത്തുടര്‍ന്ന്‌ മറ്റൊരു സ്‌ഥാപനത്തിനു കൂടി പൂട്ടു വീഴുന്നത്‌. കഴിഞ്ഞ മാസം 23നാണ്‌ ഈ സ്‌ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നാലെ തൊഴില്‍ നിഷേധം ആരോപിച്ച്‌ കടക്ക്‌ മുന്നില്‍ സി.ഐ.ടിയു സമരം തുടങ്ങി.

യൂണിയന്‍ അംഗങ്ങളായ തൊഴിലാളികളെ കയറ്റിറക്കിന്‌ നിയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സി.ഐ.ടിയു സമരം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കടയുടമ തയാറായില്ല. ഇതോടെ കടയിലേക്കുള്ള കയറ്റിറക്ക്‌ സി.ഐ.ടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസിന്റെ മധ്യസ്‌ഥതയില്‍ രണ്ട്‌ വട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ്‌ കട അടച്ചു പൂട്ടാന്‍ ഉടമകള്‍ തീരുമാനിച്ചത്‌. ബാങ്കില്‍ നിന്നും മറ്റും കടമെടുത്താണ്‌ 70 ലക്ഷത്തോളം രൂപയുടെ സാധങ്ങള്‍ വാങ്ങിയതെന്നും കടയുടമ പറയുന്നു. കടക്ക്‌ മുന്നില്‍ സി.ഐ.ടിയു നടത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ട്‌ കടയുടമ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്‌.

ഒന്നര മാസത്തിലേറെയായി സി.ഐ.ടി.യു കൊടികുത്തി സമരം നടത്തി വരികയാണ്‌. തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ചാണ്‌ പന്തല്‍ കെട്ടി കൊടി നാട്ടി സമരം ആരംഭിച്ചത്‌. സ്‌ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ചാണ്‌ കടയുടെ പ്രവര്‍ത്തനം തുടങ്ങിയതെന്ന്‌ കടയുടമയായ വെള്ളൂര്‍ സ്വദേശി മോഹന്‍ലാല്‍ പറയുന്നു. സമരം തുടങ്ങിയതിന്‌ പിന്നാലെ കടയിലെത്തുന്ന സാധരണക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതോടെ വ്യാപാരം നിര്‍ത്തേണ്ട അവസ്‌ഥയിലായി. തൊഴിലാളികളുടെ തൊഴില്‍ നിഷേധത്തിനെതിരെയാണ്‌ സമരമെന്നും ഉടമയെ തൊഴിലാളികള്‍ ഭീഷണി പെടുത്തിയിട്ടില്ലെന്നും ഏരിയ പ്രസിഡന്റ്‌ ഐ.വി ശിവരാമന്‍ പറഞ്ഞു.

അതേസമയം മാതമംഗലം മോഡലിൽ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലും കട അടച്ചു പൂട്ടി. പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥാപനം ആണ് അടച്ചുപൂട്ടിയത്. ഇനി കട തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു.

രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് കടയുടമ ബിജു മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനുണ്ട്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും തൊഴിലാളികളോട് സഹകരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നുണ്ട്.

Related Articles

Latest Articles