Thursday, May 16, 2024
spot_img

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം ;5 പേര്‍ കൊല്ലപ്പെട്ടു,മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ഇംഫാൽ: കലാപങ്ങളും സംഘർഷങ്ങളും അടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ​ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം ഉണ്ടായത്.

കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘ‍ർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥരും ഭരണകർത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ സാഹചര്യം കൂടുതൽ കലുഷിതമായിരിക്കുന്നത്. തൗബാൽ ജില്ലയിൽ ​ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.

ഇന്നലെ മെയ്തെയ് വിഭാ​ഗത്തിൽപ്പെട്ട നാല് പേർ ആയുധധാരികളായ അക്രമികളാൽ കൊല്ലപ്പെട്ടു എന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കർഷകരാണ്. ഇവർ കൃഷിയിടത്തിൽ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഇവരു‌ടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

കഴിഞ്ഞ കുറച്ച് നാളുകളായി സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂർ സാക്ഷിയാകുന്നത്. സംഘർഷങ്ങളിൽ 200ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles