Friday, September 25, 2026

പീക്ക് അവറിൽ 200 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് ലോഡ്ഷെഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് ലോഡ്ഷെഡിങ്. രാത്രി 6.30നും 11.30നുമിടയിലായിരിക്കും 15 മിനിറ്റ് ലോഡ്ഷെഡിങ് നടത്തുക. എന്നാൽ നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ലോഡ്ഷെഡിങ് നടത്താൻ കാരണം. പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

അതേസമയം രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ബീഹാറിലും ,ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം.

Related Articles

Latest Articles