Thursday, May 16, 2024
spot_img

ലോകവേദികളിൽ പാകിസ്ഥാനെ അട്ടിമറിക്കുന്ന ശീലം ആവർത്തിച്ച് ഇന്ത്യ; ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെ തകർത്തത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; സെമി സാദ്ധ്യതകൾ സജീവമാക്കി ടീം ഇന്ത്യ

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പൂള്‍ എ യില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യ ആധികാരിക വിജയം നേടി. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. പാകിസ്ഥാൻ വനിതകള്‍ ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വെറും 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകർത്തെറിഞ്ഞു. 32 റണ്‍സെടുത്ത ഓപ്പണര്‍ മുനീബ അലിയ്ക്ക് മാത്രമാണ് തിളങ്ങാനായത്. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവും സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്ഥാൻ18 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി. 100 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയ്‌ക്കൊപ്പം ഷെഫാലി വര്‍മയാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ 9 പന്തില്‍ 16 റണ്‍സെടുത്ത ഷെഫാലിയെ തൂബ ഹസ്സന്‍ പുറത്താക്കി. ആദ്യ വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഷെഫാലി ക്രീസ് വിട്ടത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മികച്ച പ്രകടനം പുറത്തെടുത്ത സ്മൃതി 42 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ടീം ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ ബാര്‍ബഡോസിനെ കീഴടക്കിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം.

Related Articles

Latest Articles