Tuesday, May 21, 2024
spot_img

മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും ;പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ‘പരീക്ഷാ പേ ചര്‍ച്ച 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനസികസമ്മര്‍ദമേറുന്നതിനൊപ്പം അതിനെ മറികടക്കാന്‍ ഒരു വ്യക്തി ഒരുങ്ങിയിരിക്കണമെന്നും അതിനുവേണ്ടി മുന്‍കൂറായിത്തന്നെ തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ ലോകരാഷ്ട്ര നേതാക്കള്‍ രണ്ട് ദിവസമിരുന്ന് ലോകത്തിന്റെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സ്ഥലത്താണ് വിദ്യാര്‍ഥികള്‍ പിപിസി 2024 നായി എത്തിയിരിക്കുന്നതെന്നും ഇന്നവര്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി.

കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ മേഘ്‌ന എന്‍. നാഥാണ് പരിപാടി നിയന്ത്രിച്ചത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടിക്ക് പരിപാടി നിയന്ത്രിക്കാന്‍ അവസരം ലഭിക്കുന്നത്. 3000ത്തോളം വിദ്യാര്‍ത്ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാനായി 2018 മുതലാണ് പ്രധാനമന്ത്രി ‘പരീക്ഷാ പേ ചര്‍ച്ച’ ആരംഭിച്ചത്. പരിപാടി കുട്ടികളെ കാണിക്കാന്‍ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ രണ്ട് കേടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്‌തെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

Related Articles

Latest Articles