Monday, September 21, 2026

കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണി: 15 ലക്ഷം തട്ടിയെടുത്ത വിദ്യാർഥിനിക്കും കുടുംബത്തിനുമെതിരെ പരാതി

കോട്ടയം: സുഹൃത്തിന്റെ അശ്ലീല ഫോട്ടോ മോശം സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനിയായ കൂട്ടുകാരിയും മാതാപിതാക്കളും ചേർന്ന് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മാഞ്ഞൂർ പഞ്ചായത്തിലെ അപ്പൻ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബർ സെല്ലിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞീഴൂരിലെ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളായ പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന പെൺകുട്ടിയും കൂട്ടുകാരികളാണ് . കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകൾ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളിൽ ഇടാതിരിക്കാൻ അവർക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങൾ ഒഴിവാക്കാനായി പണം നൽകി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവർ തട്ടിച്ചെടുത്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും ഭീഷണി വർധിച്ചതോടെ മകൾ പഠിപ്പ് നിർത്തുകയും വീടിനു പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടാത്ത അവസ്ഥ വരികയും ചെയ്തതോടെയാണ് മാതാവ് പരാതി നൽകിയത്. പൊലീസ് പരാതിക്കാരിയുടെയും മകളുടെയും മൊഴിയെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles