കൊച്ചി: മഹാരാജാസ് കോളേജിൽ അദ്ധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെയടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
അതേസമയം, അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകാനും കോളേജ് തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാകും പരാതി നൽകുക..
അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്നാംവർഷ വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന,രാകേഷ് , പ്രിയദ,ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. അദ്ധ്യാപകനായ ഡോക്ടർ പ്രിയേഷിന്റെ പരാതിയിലാണ് നടപടി. കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായി സസ്പെൻഷൻ ഉത്തരവിലുണ്ട്. പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി.

