മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ . പരാതി നല്‍കിയ മാദ്ധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാര്‍ത്തയുടെ ആവശ്യവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഇയാളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാൽ ഇയാൾ പിന്നീട് നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് അയക്കുകയായിരുന്നു. ഇതോടെ ഈ സന്ദേശങ്ങള്‍ അടക്കം പോലീസ് കമ്മിഷണര്‍ക്ക് മാദ്ധ്യമ പ്രവർത്തക പരാതി നല്‍കി. തുടർന്നാണ് കടവന്ത്ര പോലീസ് നിസാര്‍ മേത്തറിനെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

