Monday, May 6, 2024
spot_img

ഓട്ടോമൊബൈല്‍ കമ്പനിയിൽ വിതരണം ചെയ്ത സമൂസകൾക്കുളളിൽ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും ! പൂണെയിൽ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസ്

പുണെയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് വിതരണം ചെയ്ത സമൂസകൾക്കുളളിൽ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവര്‍ക്കെതിരേയാണ് പുണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിയിലേക്ക് സമൂസ വിതരണത്തിന് കരാര്‍ ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ നല്ല പേര് തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

കാറ്റലിസ്റ്റ് സര്‍വീസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഓട്ടോമൊബൈല്‍ കമ്പനിയിലെ കാന്റീനിലേക്ക് പലഹാരങ്ങള്‍ നല്‍കാനുള്ള കരാര്‍ ലഭിച്ചിരുന്നത്. സമൂസ വിതരണം ചെയ്യാനായി മനോഹര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് ഇവര്‍ ഉപകരാർ നല്‍കുകയായിരുന്നു.
മനോഹര്‍ എന്റര്‍പ്രൈസസിലെ ജീവനക്കാരെ പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിലാണ് ജീവനക്കാരായ ഫിറോസ് ഷേഖ്, വിക്കി ഷേഖ് എന്നിവരാണ് സമൂസകളില്‍ ഗർഭ നിരോധന ഉറ അടക്കമുള്ള വസ്തുക്കള്‍ നിറച്ചതെന്ന് കണ്ടെത്തിയത്. ഇവരെ കൂടുതൽ ചോദ്യംചെയ്തതോടെ മറ്റു പ്രതികളുടെ പങ്കും വ്യക്തമാവുകയായിരുന്നു.

നേരത്തെ ഓട്ടോമൊബൈല്‍ കമ്പനിയിലേക്ക് സമൂസ വിതരണം ചെയ്തിരുന്നത് എസ്ആര്‍എ. എന്റര്‍പ്രൈസസ് ആയിരുന്നു. പ്രതികളായ റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ് എന്നിവരുടെ സ്ഥാപനമാണിത്. ഇവർ വിതരണം ചെയ്ത സമൂസയ്ക്കുള്ളില്‍നിന്ന് ബാന്‍ഡേജ് കണ്ടെത്തിയതോടെ ഇവർക്ക് കരാർ നഷ്ടമാകുകയും മനോഹര്‍ എന്റര്‍പ്രൈസസിന് സമൂസ കരാര്‍ ലഭിക്കുകയും ചെയ്തു.

എന്നാല്‍ തീരുമാനത്തിൽ അതൃപ്തരായിരുന്ന എസ്ആര്‍എ എന്റര്‍പ്രൈസസ് ഉടമകൾ പുതിയ കരാര്‍ റദ്ദാക്കാനും മനോഹര്‍ എന്റര്‍പ്രൈസസിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുമായി ഇവരുടെ രണ്ട് ജീവനക്കാരെ മനോഹര്‍ എന്റര്‍പ്രൈസസിലേക്ക് ജോലിക്കായി പറഞ്ഞയച്ചു. തുടര്‍ന്ന് ഇവർ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും സമൂസയ്ക്കുള്ളിൽ നിറക്കുകയായിരുന്നു

Related Articles

Latest Articles