Monday, January 12, 2026

മതപരിവർത്തനത്തിന് നിർബന്ധക്കുന്നു! നിരസിച്ചതിന് വണ്ടിയോടിച്ച്‌ കയറ്റി കൊല്ലാന്‍ ശ്രമം; ഗത്യന്തരമില്ലാതെ കലക്ടര്‍ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

ചെന്നൈ: മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച്‌ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നിലാണ് യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവിൽ സ്ത്രീയെ പൊലീസുകാരും അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു എന്നതാണ് വളര്‍മതിയുടെ ആരോപണം. ഇതിന് തയ്യാറാവാതെ വന്നതോടെ ദേവ്ദാസിന്റെ കുടുംബം ഉപദ്രവിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് കലക്ടര്‍ ഓഫീസിന് മുന്നില്‍ ആത്മാഹുതി നടത്താന്‍ തീരുമാനിച്ചതെന്നും വളര്‍മതി പറയുന്നു.

കഴിഞ്ഞദിവസമാണ് വളര്‍മതി കലക്ടര്‍ ഓഫീസില്‍ എത്തിയത്. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരും അധികൃതരും സ്ത്രീയെ അതില്‍ നിന്ന് തടഞ്ഞത്.

‘എന്റെ വീട്ടിലേക്കുള്ള വഴി ദേവ്ദാസ് അടച്ചു. എനിക്കെതിരെ ദേവ്ദാസ് കള്ളക്കേസ് കൊടുത്തു. കോടതിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. തുടര്‍ന്ന് വണ്ടിയോടിച്ച്‌ കയറ്റി കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്’ – വളര്‍മതി പറയുന്നു. എന്നാല്‍ പൊലീസില്‍ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

Related Articles

Latest Articles