Tuesday, May 14, 2024
spot_img

തെറ്റായ വിവരം പ്രചരിപ്പിച്ചു; ബിജെപി സംസ്ഥാന നേതാവിനെ ട്വിറ്ററിൽ കുടഞ്ഞ് ബി.എൽ. സന്തോഷ്

ദില്ലി: വ്യാജസന്ദേശം ട്വിറ്ററിലൂടെ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന നേതാവിന് കേന്ദ്ര നേതൃത്വത്തിന്‍റെ പരസ്യമായ ശാസന. ആര്‍ട്ടിക്കിള്‍-370 റദ്ദാക്കി കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു പിന്നാലെ മലയാളിയായ മുൻ ഐ.പി.എസ് ഉദ്ദ്യോഗസ്ഥൻ കെ വിജയകുമാറിനെ ജമ്മുകശ്മീരിന്‍റെ ആദ്യ ലെഫ്. ഗവർണറായി നിയമിച്ചെന്ന് ട്വീറ്റു ചെയ്ത ബി ജെ പി. സംസ്ഥാന നേതാവ് എം ഗണേശനെയാണ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് ട്വിറ്ററിലൂടെ തന്നെ കടുത്ത ഭാഷയിൽ വിമർശിച്ചത്. കേരളത്തിലെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയാണു എം ഗണേശൻ.

വനം കൊള്ളക്കാരന്‍ വീരപ്പനെ വധിച്ച കമാൻഡോ സംഘത്തിന്‍റെ തലവൻ വിജയകുമാറിനെ ജമ്മുകശ്മീരിന്‍റെ ആദ്യത്തെ ലെഫ്. ഗവർണറായി നിയമിച്ചെന്നു വെള്ളിയാഴ്ചയാണു എം ഗണേശൻ ട്വീറ്റുചെയ്തത്. ഗണേശന്‍റെ ട്വീറ്റിനെത്തുടർന്ന് ഈ വാർത്ത പലരും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതിനിടെയാണ് ബി എല്‍. സന്തോഷ്, എം ഗണേശനെ വിമർശിച്ച് രംഗത്തുവന്നത്.

‘ആരാണു നിങ്ങളോടിതു പറഞ്ഞ’തെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ഈ ട്വീറ്റ് നീക്കണമെന്നും ബി എല്‍ സന്തോഷ് ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ചു. ഇതിനു പിന്നാലെ എം ഗണേശൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അതിനോടകം ഈ ട്വീറ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബിജെപി നേതാവിന് പറ്റിയ ഈ അക്കിടി, ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

മലയാളിയായ വിജയകുമാര്‍ നിലവിൽ ജമ്മുകശ്മീർ ഗവർണർ സത്യപാല്‍ മാലിക്കിന്‍റെ ഉപദേശകനാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് ഇദ്ദേഹം.വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസേനയാണ് ഓപ്പറേഷന്‍ കൊക്കൂണിലൂടെ 2004 ഒക്ടോബറിൽ വനം കൊള്ളക്കാരന്‍ വീരപ്പനെ വധിച്ചത്.

Related Articles

Latest Articles