Friday, May 17, 2024
spot_img

സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ നടത്തിയത് അതിക്രൂര കൊലപാതകം !മധ്യവയസ്‌കയെ കടത്തിക്കൊണ്ട് പോയത് 10,000 രൂപ കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് ; കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ! നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൈനബയുടേതെന്ന് മകൻ തിരിച്ചറിഞ്ഞു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്ന് ലഭിച്ച മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസിനൊപ്പം ഉണ്ടായിരുന്ന മകൻ തിരിച്ചറിഞ്ഞു. കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയും സൈനബയും വർഷങ്ങളായി പരിചയക്കാരെന്നായിരുന്നു പ്രഥമ വിവര റിപ്പോർട്ട്. സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്ന് സമദ് പൊലീസിനു മൊഴി നൽകി. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനും സൈനബയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. മുക്കത്തിനു സമീപമെത്തിയപ്പോൾ സുലൈമാന്റെ സഹായത്തോടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും പണവും കവർന്നെന്നാണ് സമദിന്റെ മൊഴി. ഗൂഡല്ലൂർ സ്വദേശിയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നവംബർ ഏഴിനാണ് സൈനബയെ കാണാതായത്. പിറ്റേ ദിവസം എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിൽ നിന്നാണ് സംശയാസ്പദമായ രീതിയില്‍ മലപ്പുറം സ്വദേശിയായ സമദിനെ തിരിച്ചറിഞ്ഞത്. സമദിന്റെ മൊഴി പ്രമുഖ മലയാള മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

എഫ്‌ഐആർ പ്രകാരമുള്ള സമദിന്റെ മൊഴി ചുവടെ

സൈനബയെ വർഷങ്ങളായി പരിചയമുണ്ട്. സൈനബ സ്വർണാഭരണങ്ങൾ ധരിച്ചാണ് എപ്പോഴും നടക്കുന്നതെന്ന് എനിക്കറിയാം. എന്റെ ടാക്സി കാറിന്റെ ഡ്രൈവറായിരുന്നു ഗൂഡല്ലൂർ സ്വദേശി സുലൈമാൻ. സുലൈമാനും ഞാനും കൂടി എങ്ങനെയെങ്കിലും പണമുണ്ടാക്കുന്നതിനുള്ള മാർഗങ്ങളേക്കുറിച്ച് സംസാരിച്ചിരുന്നു. സുലൈമാനോടു സൈനബയെപ്പറ്റി പറഞ്ഞ് എങ്ങനെയെങ്കിലും സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തണമെന്ന് പറഞ്ഞു. ഞാൻ വിളിച്ച പ്രകാരം ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാൻ തിരൂരിൽവന്നു. തിരൂർ ആശുപത്രിക്ക് അടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുപ്പിച്ച് സുലൈമാനെ താമസിപ്പിച്ചു.

അടുത്ത ദിവസം രാവിലെ പത്തു മണിയോടെ സുലൈമാൻ താനൂർ കുന്നുംപുറത്തുള്ള എന്റെ വീട്ടിൽ വന്നു. അവിടെനിന്ന് ഒരു പരിചയക്കാരന്റെ കാർ വാടകയ്ക്കെടുത്ത് ഞങ്ങൾ കൂടി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി. സൈനബയെ ഫോണിൽ വിളിച്ച് താനൂരിൽ സുഖമില്ലാതെ വീട്ടിൽ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞു.  താനൂരല്ല, പരപ്പനങ്ങാടിക്കടുത്ത് മുക്കോല എന്ന സ്ഥലത്താണ് പോകേണ്ടത് എന്നു പറഞ്ഞപ്പോൾ സൈനബ വരാമെന്നേറ്റു. അങ്ങനെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവർ ബ്രിജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറിൽ കയറ്റി.

സുലൈമാനാണ് കാർ ഓടിച്ചിരുന്നത്. ഞാൻ പിന്നിലെ സീറ്റിലാണ് ഇരുന്നത്. സൈനബ എന്റെ ഇടതുഭാഗത്ത് പിൻസീറ്റിൽ കയറി. തുടർന്ന് ഞങ്ങൾ കാറിൽ എന്റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. എന്റെ ഭാര്യയും മകളും തിരൂരിൽ ഡോക്ടറെ കാണാൻ പോകുമെന്നു പറഞ്ഞിരുന്നു. ഇളയ മകൾ സ്കൂളിൽ പോയിരുന്നു. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് അവിടെ സൈനബയെ എത്തിക്കാമെന്നു വിചാരിച്ചു. എന്നാൽ, വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടപ്പോൾ ഞാൻ സുലൈമാനോടു വണ്ടി മുന്നോട്ടു നീക്കി നിർത്താൻ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോൾ ഭാര്യയും മകളും വീട്ടിൽ തിരിച്ചെത്തിയിരുന്നു.

എന്റെ മൊബൈൽ ഫോൺ വീട്ടിൽവച്ച് തിരികെ വന്നു. അസുഖബാധിതനായ ആളുടെ വീട്ടിൽ ഇപ്പോൾ പോകാൻ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. ഞാൻ കാറിൽ സൈനബയുടെ ഇടതു വശത്തായി കയറി പിന്നിലെ സീറ്റിലിരുന്നു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോൾ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുൻപ് സൈനബ ധരിച്ചിരുന്ന ഷാൾ ഞാൻ കഴുത്തിൽ മുറുക്കി. ഷാളിന്റെ ഒരറ്റം ഇടതുകൈകൊണ്ട് ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ സുലൈമാൻ പിടിച്ചുവലിച്ചു. സൈനബ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചതായി മനസ്സിലായതിനാൽ സുലൈമാൻ കാർ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം സ്വർണ വളകളും കമ്മലുകളും വലിച്ചെടുത്ത് പോക്കറ്റിലിട്ടു.

സുലൈമാൻ സൈനബയുടെ ബാഗ് തപ്പിയപ്പോൾ കുറച്ചു പണം കണ്ടു. വണ്ടി സുലൈമാൻ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രി എട്ടു മണിയോടു കൂടി ചുരത്തിലെത്തി ഇടതുവശത്തായി താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിർത്തി. ഞാനും സുലൈമാനും പുറത്തിറങ്ങി ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്റെ പിൻസീറ്റിൽനിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു. പിന്നീട് ഞങ്ങൾ സുലൈമാൻ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. എന്റെ മുണ്ടിൽ ചോര പുരണ്ടിരുന്നതിനാൽ അത് കഴുകിയശേഷം മറിച്ചുടുത്തു. പിന്നീട് ഞങ്ങൾ പുറത്തുപോയി ഒരു കടയിൽനിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു.

തുടർന്ന് ഞങ്ങൾ വസ്ത്രങ്ങൾ മാറ്റി ധരിക്കുകയും അന്ന് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം ഞങ്ങൾ വീതിച്ചെടുത്തു. സ്വർണാഭരണങ്ങൾ എന്റെ കൈവശം വച്ചു. കാർ സുലൈമാൻ ഒരു സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി സർവീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും എന്റെ വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയിൽവച്ച് എന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൈക്കലാക്കി.

Related Articles

Latest Articles