വയനാട്: ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ എം ജോര്‍ജ്ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒ എം ജോർജ്ജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ സുൽത്താൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. പീഡനം തുടർന്നതിനാൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്.

കേസിന്‍റെ പശ്ചാത്തലത്തില്‍ ഒ എം ജോർജ്ജിനെ അന്വേഷണ വിധേയമായി കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കർശനമായി നടപടിയെടുക്കുമെന്നും കുറ്റക്കാരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.