ദില്ലി: കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ (Congress Foundation Day) കല്ലുകടി. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ കോൺഗ്രസ് പതാക പൊട്ടിവീണു. സോണിയ ഗാന്ധി പതാക ഉയർത്തുന്നതിനിടെയാണ് പൊട്ടി വീണത്. കോൺഗ്രസിന്റെ 137ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. പതാക കെട്ടിയിരുന്ന ചരട് വലിച്ചപ്പോഴാണ് പതാക ദേഹത്തേക്ക് വീണത്.

വീണ്ടും ചരടിൽ കെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സോണിയയും സമീപത്ത് നിന്നയാളും ചേർന്ന് പതാക വിരിച്ച് പിടിച്ചു. ഇതിന് പിന്നാലെ സോണിയ ക്ഷുഭിതയായി തിരിച്ച് പോവുകയായിരുന്നു. കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളേയും സോണിയ അതൃപ്തി അറിയിച്ചു.
പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ച് സോണിയയെ തിരിച്ച് കൊണ്ടുവന്നു. 15 മിനിട്ടിന് ശേഷമാണ് സോണിയ ഗാന്ധി തിരികെ എത്തിയത്. ഇതിനുശേഷം സോണിയ വീണ്ടും പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ ക്രമീകരണ ചുമതലയുള്ളവർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അതേസമയം സംഭവത്തിൽ പ്രവർത്തകർക്കിടയിൽ നിന്നുതന്നെ ആക്ഷേപം ഉയരുന്നുണ്ട്.

