Tuesday, November 3, 2026

ഗ്രൂപ്പ് പോരിലും വെട്ടിനിരത്തലിലും ഉലഞ്ഞ് കോൺഗ്രസ്! സണ്ണി ജോസഫിന്റെ വകുപ്പ് മാറ്റം പുതിയ വിവാദത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഭരണം ലഭിച്ച ആവേശത്തിനിടയിലും കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളും വീണ്ടും പരസ്യമാകുന്നു. മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വിവാദങ്ങൾ കോൺഗ്രസിന്റെ എക്കാലത്തെയും ശാപമായ ഗ്രൂപ്പ് പോരിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫിന് അർഹതപ്പെട്ട റവന്യൂ വകുപ്പ് അവസാന നിമിഷം വെട്ടിമാറ്റി വൈദ്യുതി വകുപ്പിലേക്ക് ഒതുക്കിയതിന് പിന്നിൽ ദില്ലി കേന്ദ്രീകരിച്ച് നടന്ന കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ കടുപ്പമേറിയ നാടകങ്ങളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടിയിൽ സംഘടന ശക്തിപ്പെടുത്താൻ മുൻകൈ എടുക്കേണ്ട ദേശീയ നേതാക്കൾ തന്നെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തെ വകുപ്പ് വിഭജനത്തിൽ ഇടപെടുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ അപചയത്തെയാണ് കാണിക്കുന്നത്.

മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണ്ണൂർ ഇരിക്കൂർ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് സണ്ണി ജോസഫ് നൽകിയ വസ്തുതാപരമായ റിപ്പോർട്ടാണ് അദ്ദേഹത്തിന് പാരയായതെന്നാണ് അണികൾക്കിടയിലെ സംസാരം. അവിടെ ഉപതിതെരഞ്ഞെടുപ്പ് നടന്നാൽ വിജയസാധ്യത കുറവാണെന്ന യാഥാർഥ്യം തുറന്നുപറഞ്ഞതിന് പ്രതികാരമെന്നോണമാണ് സണ്ണി ജോസഫിനെ അപ്രധാനമായ വകുപ്പിലേക്ക് തള്ളിയതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹൈക്കമാൻഡിന്റെ അധികാര കേന്ദ്രങ്ങളെ സുഖിപ്പിക്കുന്നവർക്ക് മാത്രം വലിയ പദവികൾ നൽകുകയും, കഠിനാധ്വാനം ചെയ്യുന്ന പ്രാദേശിക നേതാക്കളെ വെട്ടിനിരത്തുകയും ചെയ്യുന്ന പഴയ കോൺഗ്രസ് ശൈലി ഇനിയും മാറിയിട്ടില്ല എന്ന് ഈ സംഭവം തെളിയിക്കുന്നു.

മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വം സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകണമെന്ന ഉറച്ച നിലപാടിലായിരുന്നു. എന്നാൽ ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നേരിട്ട് വിളിച്ച് വകുപ്പ് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ദില്ലിയിൽ നിന്നുള്ള ഒരു ഫോൺ കോളിൽ സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഏത് വകുപ്പ് നൽകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും സംസ്ഥാന മുഖ്യമന്ത്രിക്ക് നൽകാത്ത ഹൈക്കമാൻഡ് നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കെ.പി.സി.സി പ്രസിഡന്റിനെക്കാൾ ജൂനിയറായ വർക്കിങ് പ്രസിഡന്റുമാർക്ക് പ്രധാനപ്പെട്ട വകുപ്പുകൾ നൽകി സണ്ണിയെ ഒതുക്കിയതിലൂടെ കേരളത്തിലെ പാർട്ടി സംവിധാനത്തെ തന്നെയാണ് ഹൈക്കമാൻഡ് അപമാനിച്ചിരിക്കുന്നത്. അധികാരമേറ്റെടുക്കും മുൻപേ തുടങ്ങിയ ഈ ഗ്രൂപ്പ് പോര് വരും ദിവസങ്ങളിൽ കോൺഗ്രസിനെ കൂടുതൽ വലിയ ആഭ്യന്തര കലഹങ്ങളിലേക്ക് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Related Articles

Latest Articles