Monday, October 5, 2026

സിഖ്‌വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം; വ്യക്തമായ തെളിവുകളെന്ന് കോടതി; അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം മുടക്കിയത് 30 വർഷങ്ങൾ; മണിച്ചിത്രത്താഴിട്ട് പൂട്ടിയത് മോദി ?

ദില്ലി: 1984 ലെ സിഖ്‌വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ എം പിയുമായ സജ്ജൻ കുമാറിന് ജീവപര്യന്തം. 1984 നവംബർ ഒന്നിന് ദില്ലി സരസ്വതി വിഹാർ മേഖലയിൽ ജസ്വന്ത് സിംഗിനെയും മകൻ തരുൺദീപ് സിംഗിനെയും വധിച്ച കേസിൽ സജ്ജൻ കുമാറിനെ നേരത്തെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 12 നാണ് സജ്ജൻ കുമാറിനെ കലാപം നടത്തുക, നിയമവിരുദ്ധമായി സംഘടിക്കുക, കൊലപാതകം എന്നിവയുൾപ്പെടെയുള്ള നിരവധി വകുപ്പുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമെന്ന് ദില്ലി റോസ് അവന്യു പ്രത്യേക കോടതി പറഞ്ഞു. ജസ്വന്ത് സിംഗിനെയും മകനെയും കൊലപ്പെടുത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത് സജ്ജൻ കുമാറാണ് എന്നാണ് കോടതി കണ്ടെത്തിയത്. 1985 ലാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തതെങ്കിലും അധികാരത്തിന്റെ സ്വാധീനം കാരണം സജ്ജൻ കുമാർ പ്രതിയായ കേസിൽ 30 വർഷം അന്വേഷണം മുടങ്ങി. 2015 ൽ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പുനരാരംഭിച്ചത്. ഈ അന്വേഷണത്തിൽ സജ്ജൻകുമാറിന് എതിരായ തെളിവുകളും സാക്ഷിമൊഴികളും ഒന്നൊന്നായി പുറത്തുവരികയായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം സിഖുകാരെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്‌തിരുന്നു. 2021 ഡിസംബർ 16 നാണ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദത്തോടെ ആയിരുന്നു കലാപമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മരിച്ചത്.

Related Articles

Latest Articles