കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കർണാടകയിൽ സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെയാണ് നരേന്ദ്ര മോദി പരിഹസിച്ചത്. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും കോൺഗ്രസ് പ്രചാരണത്തിന് ഇറക്കുകയാണെന്നാണ് നരേന്ദ്ര മോദി പരിഹസിച്ചത്. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ ഈ പരിഹാസം.
ഇപ്പോൾ കോൺഗ്രസ് ആകെ ഭയചകിതരാണ്. അവരുടെ കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്തം അവർ ഇപ്പോൾത്തന്നെ ഓരോരുത്തരുടെയും മേൽ പരസ്പരം ചാരുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദീർഘകാലമായി തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് സോണിയ ഗാന്ധി മാറിനിൽക്കുകയായിരുന്നു. എന്നാൽ കർണാടക തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സോണിയ ഗാന്ധി സജീവമാണ്. ആരോഗ്യപരമായ കാരണങ്ങളാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

