തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേറുന്ന യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുമ്പോഴും, മുന്നണിയിലെ അധികാര സമവാക്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ദൗർബല്യം തുറന്നുകാട്ടപ്പെടുന്നു. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ മുസ്ലിം ലീഗ് ഉയർത്തിയ കടുത്ത സമ്മർദ്ദ രാഷ്ട്രീയത്തിനും അഗ്രസീവ് നിലപാടുകൾക്കും മുന്നിൽ കോൺഗ്രസ് പൂർണ്ണമായി അടിയറവ് പറയേണ്ടി വന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നത്. ലീഗിന്റെ കടുംപിടിത്തത്തിന് മുന്നിൽ സ്വന്തം നിലപാടുകൾ ഓരോന്നായി തിരുത്തേണ്ടി വന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥ അണികൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പ് വിഭജനത്തിലും ലീഗ് കാണിച്ച കടുത്ത പിടിവാശിക്ക് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡിന് പോലും കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ സാധിച്ചില്ലെന്ന വിമർശനമാണ് ഉയരുന്നത്. നിർണ്ണായകമായ പല വകുപ്പുകളും ലീഗ് കൈക്കലാക്കിയതോടെ മുന്നണിയുടെ നിയന്ത്രണം കോൺഗ്രസിന്റെ കൈകളിൽ നിന്ന് പൂർണ്ണമായും വഴുതിപ്പോയെന്ന പ്രതീതിയാണ് നിലവിലുള്ളത്. ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ നെട്ടോട്ടമോടുമ്പോൾ, ഭരണം കൈയാളുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് ലഭിക്കേണ്ട പദവികൾ കൃത്യമായി വിലപേശി വാങ്ങിയ ലീഗിന്റെ അപ്രമാദിത്വം വരും നാളുകളിൽ ഭരണത്തിലും പ്രതിഫലിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.
ഇത്തരം ആഭ്യന്തര പുകച്ചിലുകൾക്കിടയിലും തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷമാക്കാനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കാനാണ് തീരുമാനം.
സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിയമസഭ ചേരുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ ദേശീയ നേതാക്കളും അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തും. മേയ് 18-ന് മന്ത്രിസഭാ സത്യപ്രതിജ്ഞയും മേയ് 21-ന് എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞയും നടക്കും. തുടർന്ന് മേയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപനവും കഴിഞ്ഞ് ജൂൺ അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനുമാണ് നിലവിലെ ക്രമീകരണം.

