Monday, May 13, 2024
spot_img

കോൺഗ്രസ് അധ്യക്ഷൻ: ഷിന്ദേക്കും സിന്ധ്യക്കും സാധ്യത; പ്രവർത്തകസമിതി യോഗം നാളെ

ദില്ലി : രണ്ടുപതിറ്റാണ്ടിനുശേഷം കോൺഗ്രസിൽ നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാൾ അധ്യക്ഷപദവിയിലെത്തുന്നു. കശ്മീർ വിഷയത്തിൽ നേതാക്കളിൽ ഭിന്നത തുടരുന്നതിനിടെയാണ് അധ്യക്ഷസ്ഥാനത്തേക്ക് ആളെ നിശ്ചയിക്കാൻ പ്രവർത്തകസമിതി ശനിയാഴ്ച ചേരുന്നത്.ശനിയാഴ്ച രാവിലെ 11-ന് എ ഐ സി സി ആസ്ഥാനത്താണ് പ്രവർത്തകസമിതി യോഗം.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽ കുമാർ ഷിന്ദേ, യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിർക്കാണ്‌ നിലവിൽ അധ്യക്ഷപദത്തിലേക്ക് കൂടുതൽ സാധ്യത കല്പിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരും പട്ടികയിലുണ്ട്. ശശി തരൂരിനെപ്പോലുള്ളവർ പ്രിയങ്കാഗാന്ധി രംഗത്തുവരണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനു സാധ്യതയില്ല.

രാജ്യത്തെ നാലുദിക്കുകളിലായി നാല് വർക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കാനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽനിന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി. വേണുഗോപാലിനെയാണ് ആലോചിക്കുന്നത്. എന്നാൽ, തന്നെ പരിഗണിക്കരുതെന്ന്‌ കെ സി വേണുഗോപാല്‍ രാഹുൽഗാന്ധിയെ അറിയിച്ചതായാണ് വിവരം.

ആഭ്യന്തരമന്ത്രിയും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവുമായിരുന്ന എഴുപത്തിയേഴുകാരനായ ഷിന്ദേ, ദളിത് മുഖമെന്ന നിലയിലാണ്‌ മുന്നിലെത്തിയത്. അനുഭവസമ്പത്തും ഷിന്ദേയ്ക്ക് തുണയായി. യുവനേതാവിനെ വേണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മുതിർന്ന നേതാവ് കരൺസിങ്ങും മുന്നോട്ടുവെച്ചതിന്‍റെ പശ്ചാത്തലത്തിലാണ്‌ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരുള്ളത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കശ്മീർ നിയമഭേദഗതിയെക്കുറിച്ചു സംസാരിക്കാൻ ചേർന്ന പ്രവർത്തകസമിതിയോഗത്തിൽ കോൺഗ്രസിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. കശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതു നന്നായെന്ന്‌ ട്വീറ്റും ചെയ്തു. സിന്ധ്യയുടെ അഭിപ്രായത്തെ അനുകൂലിക്കുന്നവരാണ് കരൺസിങ് അടക്കമുള്ള ഒട്ടേറെ നേതാക്കൾ. അതിനാൽ 370 ഭേഗദഗതിയെ പൂർണമായും തള്ളിപ്പറയാത്തനിലയിലാണ് പ്രവർത്തകസമിതി പ്രമേയം പാസാക്കിയത്.

ഇക്കാര്യത്തിൽ സിന്ധ്യയുടെ നിലപാടിനൊപ്പമാണ് വടക്കേ ഇന്ത്യയിൽനിന്നുള്ള ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളുമെന്നതിനാൽ, യുവമുഖമാണ് പരിഗണിക്കുന്നതെങ്കിൽ സിന്ധ്യ വന്നേക്കുമെന്നുതന്നെയാണു സൂചന.

ദളിത് മുഖമെന്നനിലയിലാണ് മല്ലികാർജുൻ ഖാർഗെയും മുകുൾ വാസ്നിക്കും പട്ടികയിലുള്ളത്. സുശീൽ കുമാർ ഷിന്ദേയല്ലെങ്കിൽ മാത്രമേ ഇവരെ പരിഗണിക്കൂ. സച്ചിൻ പൈലറ്റ്, ആനന്ദ് ശർമ, ദിഗ്‍വിജയ് സിങ്, അശോക് ഗെഹ്‌ലോത് തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

Related Articles

Latest Articles