Tuesday, April 30, 2024
spot_img

അറ്റാഷെയെയും കോൺസുൽ ജനറലിനെയും ചോദ്യം ചെയ്യും; ഡോളർ കടത്തിയ കേസ് കോൺസുലേറ്റിലേക്ക് എത്തുന്നു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്. ധനകാര്യ മന്ത്രാലയത്തിന് കസ്റ്റംസ് അനുമതി തേടി കത്തയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യണമെന്നും ആവശ്യമുണ്ട്.

കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്ത ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും പോയ ഇവരുടെ യാത്ര വിവരങ്ങള്‍ പരിശോധിക്കും.

അതേസമയം ഇന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് ആണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതിനും ഉന്നതരെ കുറിച്ച്‌ തെളിവ് ലഭിക്കുന്നതിന് വേണ്ടിയുമാണ് ചോദ്യം ചെയ്യല്‍.

അതേസമയം യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് കൈക്കൂലിയായ നാലര കോടി ഡോളര്‍ നല്‍കിയ വിവരം സന്തോഷ് ഈപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ ഉന്നതരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles