Sunday, May 19, 2024
spot_img

സി.പി.എമ്മിൽ വീണ്ടും ക്ഷേത്രദർശന വിവാദം;പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖ നിലനിൽക്കെ എം.എൽ.എ കെ.യു ജനീഷ്‌കുമാറിന്റെ ഗുരുവായൂർ ക്ഷേത്രദർശനം;വിശ്വാസിയാണോ എന്നത് വ്യക്തിപരമെന്ന് എം.എൽ.എ

തിരുവനന്തപുരം: സി.പി.എമ്മിൽ വീണ്ടും ക്ഷേത്രദർശന വിവാദം. കോന്നി എം.എൽ.എയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു ജനീഷ്‌കുമാറാണ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖയിൽ പറയുന്നുണ്ട്. ഇതിന് വിരുദ്ധമാണ് കെ.യു ജനീഷ്‌കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. അതേസമയം, ക്ഷേത്രദർശനം നടത്തിയെന്നത് ശരിയാണ്. പോയത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നത് വ്യക്തിപരമായ കാര്യമെന്നാണ് കെ.യു ജനീഷ്‌കുമാർ പ്രതികരിച്ചിരിക്കുന്നത്.

രണ്ടുദിവസം മുൻപാണ് കെ.യു ജനീഷ്‌കുമാർ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത്. എം.എൽ.എയ്‌ക്കൊപ്പം റാന്നിയിലെ കേരള കോൺഗ്രസ് (എം) എം.എൽ.എ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. മേൽമുണ്ട് പുതച്ചും കുറിയണിഞ്ഞും എം.എൽ.എ കെ.യു ജനീഷ്‌കുമാർ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ള ക്ഷേത്രത്തിൽ കെ.യു ജനീഷ്‌കുമാർ ക്ഷേത്രദർശനം നടത്തിയത് വിശ്വാസപരമായല്ലേ കാണേണ്ടതെന്ന ചോദ്യമാണ് പാർട്ടിയിൽ നിന്നും ഉയർന്നുവരുന്നത്.

മുൻപ് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും സംസ്ഥാനസമിതിയംഗം കടകംപള്ളി സുരേന്ദ്രനും ക്ഷേത്രദർശനം നടത്തിയത് വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി നയവും അച്ചടക്കവും നടപ്പിൽ വരുത്തുന്നതിൽ കണിശക്കാരനായ എം.വി ഗോവിന്ദൻ സെക്രട്ടറി ആയിരിക്കുമ്പോൾ കെ.യു ജനീഷ്‌കുമാറിന് എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്നറിയേണ്ടത് കണ്ടറിയേണ്ട കാര്യമാണ്.

Related Articles

Latest Articles