കാസര്‍കോട്: കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സംബന്ധിച്ച്‌ സിപി‌എമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്റെ ഭാര്യയും മകളും രംഗത്ത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും അവര്‍ വെളിപ്പെടുത്തി. പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി, എന്നാൽ ഇപ്പോള്‍ ഒരാളും തിരിഞ്ഞു നോക്കിയിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാ‍ര്‍ട്ടി പുറത്താക്കി. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറ‌ഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.