Friday, May 17, 2024
spot_img

കോപ്പയില്‍ നിറഞ്ഞ് നീലവസന്തം… കപ്പുയർത്തി മെസ്സി; സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന

മാരക്കാന: 28 വർഷത്തിന് ശേഷം ആരാധകർ കാത്തിരുന്ന നിമിഷമെത്തി… സ്വപ്ന കിരീടംചൂടി അർജന്റീന. കോപ്പ അമേരിക്കയുടെ സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. എതിരില്ലാത്ത ഒരു ഗോളിനാണ് മെസ്സിപ്പട ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ കിരീടം ചൂടിയത്. 1993 ന് ശേഷം ആദ്യമായാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം ഉയർത്തുന്നത്. അവസാന രണ്ട് തവണ കോപ്പയിൽ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്‌ബോളിലെയും ഫുട്‌ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച താരങ്ങളിൽ പെട്ട ലയണൽ മെസ്സി പരാജിതനായി തലകുനിച്ചുനിന്നു. ആ ശിരസ്സാണ് ഇപ്പോൾ ഫുട്‌ബോൾ പ്രേമികളുടെ ഹൃദയതാളത്തിനൊപ്പം വാനോളമുയർന്നത്.

21ാം മിനിട്ടില്‍ ഏയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ കണ്ടെത്തിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും റോഡ്രിഡോ ഡി പോള്‍ നല്‍കിയ ലോങ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രസീല്‍ താരം റെനന്‍ ലോഡി വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. പാസ് സ്വീകരിച്ച് മുന്നേറിയ ഏയ്ഞ്ചൽ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് കീപ്പര്‍ എഡേഴ്‌സണെ അനായാസം കീഴടക്കുകയായിരുന്നു.

62ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് മെസ്സിയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ മെസ്സിയ്ക്ക് കഴിഞ്ഞില്ല. 83ാം മിനുറ്റില്‍ ബ്രസീല്‍ ബാര്‍ബോസയുടെ തകര്‍പ്പന്‍ മുന്നേറ്റം കോര്‍ണറില്‍ അവസാനിച്ചു. 87ാം മിനുട്ടിലെ ബാര്‍ബോസയുടെ ഗോളെന്നുറപ്പിച്ച വോളിയും മാര്‍ട്ടിനസ് കീഴടക്കി. അതേസമയം 89-ാം മിനുട്ടില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുകയും ചെയ്തു. സമനിലയ്ക്കായി ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും മാരക്കാനയില്‍ ഗോള്‍ പിറന്നില്ല. പക്ഷെ ചരിത്രം പിറന്നു.

മെസ്സി എന്ന ഫുട്‌ബോൾ മാന്ത്രികൻ

കഴിഞ്ഞ 17 വർഷമായി ഫുട്‌ബോൾ ആരാധകരുടെ ഹൃദയസ്ഥാനത്താണ് ലയണൽ മെസി എന്ന പേര്….1993 ന് ശേഷം അർജന്റീനയ്ക്കായി രണ്ടാം കോപ്പ കിരീടം നേടുമ്പോൾ മെസ്സിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലായി അത്. ഫുട്‌ബോൾ മജീഷ്യനായ മെസ്സി റെക്കോർഡുകളുടെ രാജകുമാരൻ കൂടിയാണ്. 672 ഗോളുകൾ, 6 ഗോൾഡൻ ഷൂസ്, തുടങ്ങി മെസ്സിയുടെ പേരിലുള്ള പട്ടങ്ങൾ തകർക്കാൻ മറ്റാർക്കും ഇതുവരെ സാധിച്ചിട്ടില്ല. 2004 ൽ ബാർസിലോണയ്ക്ക് വേണ്ടി ബൂട്ട് അണിഞ്ഞ് തുടങ്ങിയ മെസി 2005ലാണ് അർജന്റീന ദേശിയ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങുന്നത്. പിന്നീട് നിരവധി മത്സരങ്ങൾ, നിരവധി കപ്പുകൾ ഇപ്പോൾ ഏറെ ആവേശങ്ങൾക്കും, ആശങ്കകൾക്കും, പ്രതീക്ഷകൾക്കുമൊടുവിൽ ഒരു കോപ്പ കിരീടവും നേടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles