Friday, September 18, 2026

തെറ്റുതിരുത്തല്‍ പ്രസംഗത്തിലല്ല, നിലപാടിലാണ് വേണ്ടത്. റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളില്‍ പരിശോധന നടത്തണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : സിപിഐഎം ഇപ്പോള്‍ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്നും തെറ്റുതിരുത്തല്‍ പ്രസംഗത്തിലല്ല, യഥാര്‍ത്ഥ നിലപാടിലാണ് വേണ്ടതെന്നും ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പൊലീസിന് ആര്‍ജവമുണ്ടെങ്കില്‍ മുന്‍ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളില്‍ പരിശോധന നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തെറ്റുകള്‍ തിരുത്തുമെന്നും പാര്‍ട്ടിയെ ശുദ്ധീകരിക്കുമെന്നുമുള്ള സിപിഐഎമ്മിന്റെ പ്രഖ്യാപനങ്ങള്‍ വെറും പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ്. നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ യഥാര്‍ത്ഥ തെറ്റുതിരുത്തല്‍ എവിടെയാണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മരുമകന്‍ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇ.ഡി. ഗുരുതര കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. വീണയുടെ പേരിലുള്ള ‘റെഡ് ബുക്ക്’ രേഖകളും വിദേശ പണമിടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിയ്ക്കുന്നു.

കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ‘കേസ് കുടുംബം തന്നെ നിയമപരമായി നേരിടട്ടെ’ എന്ന നിലപാടെടുക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവമാണ് സിപിഐഎം കാണിക്കേണ്ടത്. അതിനുപകരം അന്വേഷണ ഏജന്‍സിക്കെതിരെ സമരത്തിനിറങ്ങുന്നതിനെ എങ്ങനെ തെറ്റുതിരുത്തല്‍ എന്ന് വിളിക്കാനാകും?. മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പുകേസില്‍ സമഗ്രമായ അന്വേഷണം വേണം. കരാര്‍ ഉണ്ടാക്കിയതിലും സ്റ്റേഡിയം വിട്ടുനല്‍കിയതിലും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനും മുഹമ്മദ് റിയാസിനും എന്തെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് മുഹമ്മദ് റിയാസിന്റെ വീട്ടില്‍ പരിശോധന നടത്താത്തത്?. ഈ ഇടപാടുമായി ബന്ധപ്പെട്ട് എ.കെ.ജി സെന്ററിലേക്കും കന്റോണ്‍മെന്റ് ഹൗസിലേക്കും അന്വേഷണം എത്താത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരോപണങ്ങളുടെ പേരില്‍ ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കണമെന്ന് ബിജെപി പറയുന്നില്ലെങ്കിലും, രാഷ്ട്രീയ ബന്ധമുള്ളവരെ ഒഴിവാക്കി മറ്റുള്ളവരില്‍ മാത്രം അന്വേഷണം നടത്തുന്ന രീതി ശരിയല്ല. തെറ്റുതിരുത്തല്‍ യഥാര്‍ത്ഥമാണെങ്കില്‍ സ്വന്തം നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടി ബാധകമാകുന്ന രീതിയില്‍ ഒരേ മാനദണ്ഡത്തില്‍ നടപ്പാക്കണമെന്നും, അല്ലാത്തപക്ഷം ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles