Tuesday, November 3, 2026

അയോദ്ധ്യയുടെ സുരക്ഷ ശക്തമാക്കുന്നു. എന്‍.എസ്.ജി. റീജിയണല്‍ സെന്ററിനായി 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ: അയോദ്ധ്യയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (NSG) റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി 65 ഏക്കര്‍ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സൗജന്യമായി കൈമാറാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭ അനുമതി നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്.

അയോധ്യയിലെ മില്‍കിപൂര്‍ തഹസീലിലെ പുരേ ലാല്‍ഖാന്‍ ഗ്രാമത്തിലുള്ള 26 ഹെക്ടര്‍ (ഏകദേശം 65 ഏക്കര്‍) തരിശുഭൂമിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നത്. ഏകദേശം 16.90 കോടി രൂപ വിപണി മൂല്യമുള്ള ഭൂമിയാണ് ഇതിനായി സൗജന്യമായി വിട്ടുനല്‍കിയത്. ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണവും പ്രാണപ്രതിഷ്ഠയും പൂര്‍ത്തിയായതോടെ അയോദ്ധ്യ ആഗോളതലത്തില്‍ പ്രധാനപ്പെട്ട മത, തന്ത്രപ്രധാന കേന്ദ്രമായി മാറി. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരും വിനോദസഞ്ചാരികളും വിശിഷ്ടാതിഥികളും എത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

രാമക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാനമേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം പ്രതികരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് എന്‍.എസ്.ജിയുടെ സ്ഥിരം സാന്നിധ്യം ലക്ഷ്യമിടുന്നത്. കൈമാറുന്ന ഭൂമി എന്‍.എസ്.ജി. റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂമി ഉപയോഗിച്ചില്ലെങ്കിലോ അല്ലെങ്കില്‍ പിന്നീട് ആവശ്യം ഇല്ലാതായാലോ ഭൂമി ഉത്തര്‍പ്രദേശ് റവന്യൂ വകുപ്പിലേക്ക് തിരികെ ലഭിക്കുന്ന രീതിയിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles