Wednesday, October 14, 2026

സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം ! പാസാക്കിയത് രണ്ട് സ്വാതന്ത്രരുടെ പിന്തുണയോടെ

തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന് ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് അവധി അനുവദിച്ചു. അഭിഭാഷകർ മുഖേനയും ജയിൽ സൂപ്രണ്ട് വഴിയും സുഗതൻ സമർപ്പിച്ച അവധി അപേക്ഷ മേയർ വി. വി. രാജേഷ് കൗൺസിൽ യോഗത്തിൽ അറിയിക്കുകയും അത് കൗൺസിൽ വോട്ടിനിട്ട് അംഗീകരിക്കുകയുമായിരുന്നു.

പൗണ്ട്കടവ് വാർഡ് കൗൺസിലർ സുധീഷ് ഉൾപ്പെടെ 51 അംഗങ്ങൾ കൈയുയർത്തി അവധി അപേക്ഷയെ പിന്തുണച്ചു. തുടർന്ന് നഗരസഭ ഔദ്യോഗികമായി സുഗതന് അവധി അനുവദിക്കുകയായിരുന്നു. കൗൺസിൽ യോഗത്തിൽ തടസ്സങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരസഭാ വളപ്പിന് പുറത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനം അസാധുവാകുമെന്ന നിയമപരമായ വ്യവസ്ഥ മറികടക്കാനാണ് സുഗതൻ അവധി അപേക്ഷ നൽകിയത്. അടുത്തിടെ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം വിയ്യൂർ ജയിലിൽ വെച്ച് മേയർ വി. വി. രാജേഷ് സുഗതന് കൗൺസിലറായി സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആറുമാസത്തെ തടവുകാലയളവിലേക്ക് അവധി അനുവദിച്ചുകൊണ്ട് നഗരസഭ കൗൺസിൽ തീരുമാനമെടുത്തത്.

Related Articles

Latest Articles