Wednesday, May 15, 2024
spot_img

‘ഷാപ്പിനടുത്ത് വീടു വച്ചിട്ട് പിന്നെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന് പറയരുത്’; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വൈക്കം റേഞ്ച് പരിധിയിലെ കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചതിനു ശേഷം, ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാണെന്ന് പറയുന്നത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് വിലയിരുത്തിയത്.

നേരത്തെ വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

അതേസമയം 1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ൽ വീട്ടമ്മ സ്ഥലം വാങ്ങിക്കുകയും, പിന്നീട് വീടു പണിയുകയുമാണ് ചെയ്തത്. ഇതിനു ശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നഷ്ടപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നൽകിയ പരാതിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ ആദ്യം സർക്കാർ ഉത്തരവിട്ടിരുന്നു.

എന്നാൽ, അനുയോജ്യമായ സ്ഥലമല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസി നൽകിയ പരാതിയിൽ സ്ഥലം കിട്ടുന്നതു വരെ ഷാപ്പ് അവിടെത്തന്നെ തുടരാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു.

തുടർന്ന് ഇതിനെതിരെയാണ് വീട്ടമ്മ സിംഗിൾ ബെഞ്ചിന് ഹർജി നൽകിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്നത് കോടതി പരിഗണിച്ചിരുന്നു.

പിന്നീട് മാറ്റി സ്ഥാപിക്കാൻ എതിർപ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയിൽ വേറെയുള്ളത് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്ക് സാധിച്ചില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

Related Articles

Latest Articles