Monday, April 29, 2024
spot_img

ഈ മരണം കലാലയ രാഷ്ട്രീയത്തിന്റെ നിരോധനത്തിലേക്ക് നയിക്കുമോ?

കലാലയത്തിൽ എന്തിനാണ് രാഷ്ട്രീയം ? ഒരു എഞ്ചിനീയറിംഗ് കോളേജിൽ എന്തിനാണ് രാഷ്ട്രീയം? നമ്പർ വൺ എന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും വീമ്പ് പറയാറുള്ള നമ്മൾ പരിശോധിക്കേണ്ട ചോദ്യങ്ങളാണ്. കലാലയങ്ങളിൽ രക്ഷിതാക്കളുടെ ഒരു നൂറു സ്വപ്നങ്ങളും പേറി പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥികൂടി പിടിക്കുന്ന കൊടിക്കുവേണ്ടി ഇന്നലെ പിടഞ്ഞു വീണു. രണ്ട് മനുഷ്യകോലങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ ജീവന് വേണ്ടി പോരാടുന്നു. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. ബിടെക് കംപ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി ധീരജ് രാജേന്ദ്രനാണ് (21) കൊല്ലപ്പെട്ടത്. നെഞ്ചിൽ കുത്തേറ്റു പരുക്കുകളുമായി രണ്ട് എസ്എഫ്ഐ പ്രവർത്തകർ ചികിത്സയിലുമാണ്. കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ ബസ് യാത്രയ്ക്കിടെ അടിമാലിക്കടുത്തു വച്ചാണു പിടികൂടിയത്. നിഖിൽ കയ്യിൽ കരുതിയ കത്തിയെടുത്ത് ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാർഥികളെയും കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചെന്നാണു സൂചന. ബസിൽ നിഖിലിനൊപ്പം ഉണ്ടായിരുന്ന ഒരാളെയും 4 കോളജ് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്. നിഖിൽ പൈലിയുടെ ബന്ധു ലിന്റോ മാത്യു കെഎസ്‌യു പാനലിൽ കോളജ് ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചാണ് നിഖിൽ കോളജിൽ എത്തിയത്.

വോട്ടെടുപ്പ് ഒരു മണിയോടെ അവസാനിച്ചു. തുടർന്ന് 1.30 വരെ, ക്വാറന്റീനിൽ കഴിയുന്നവർക്കു വോട്ട് ചെയ്യാനുള്ള അവസരമായിരുന്നു. ഈ സമയം ഗേറ്റിനു പുറത്ത് കെഎസ്‌യു പ്രവർത്തകർക്കൊപ്പം പ്രദേശത്തെ യൂത്ത് കോൺഗ്രസുകാരും നിൽപുണ്ടായിരുന്നു. ഇവരും ധീരജും സംഘവും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സത്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ നമ്മുടെ കലാലയങ്ങൾക്ക് നക്കുന്ന സംഭാവനയെന്ത് എന്ന് നമ്മൾ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. പുരോഗമന രാഷ്ട്രീയമോ ഇതര രാഷ്ട്രീയ വിശ്വാസങ്ങളോട് സഹിഷ്ണുതയോ പുലർത്താൻ കഴിയാത്ത കൊട്ടെഷൻ സംഘങ്ങളെ മാത്രമാണ് ഇന്ന് കലാലയ രാഷ്ട്രീയം സൃഷ്ടിക്കുന്നത്. തങ്ങളുടെ ക്യാമ്പസ്സിലേക്ക് മറ്റൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും കടന്നു വരരുതെന്ന് അവർക്ക് നിർദ്ദേശമുണ്ട്. പുറത്തെ രാഷ്ട്രീയ മേലാളന്മാർ കൊളുത്തിക്കൊടുക്കുന്ന അഗ്നിയുമായി കോട്ട കാക്കാൻ നിൽക്കുന്ന വെറും ചാവേറുകൾ മാത്രമാണ് ഈ കുട്ടി രാഷ്ട്രീയക്കാർ. രാഷ്ട്രത്തിന്റെ പുരോഗതിയിൽ നാളെ ഭാഗഭാക്കാകേണ്ട മിടുക്കർ പീറക്കൊടിക്കും ചുവരെഴുത്തിനും വേണ്ടി സ്വജീവൻ ചെറുപ്പത്തിന്റെ തിളപ്പിൽ ഹോമിക്കുമ്പോൾ പുറത്തെ രാഷ്ട്രീയ ക്രിമിനലുകൾ ഒന്ന് രണ്ട് മൂന്ന് എന്നൊക്കെ എണ്ണി പണ്ട് കൊന്നു തള്ളിയ കിങ്കരന്മാർ ഒരു രക്തസാക്ഷിയെ കിട്ടിയ സന്തോഷത്തിൽ മന്ദഹസിക്കും. നിമിഷങ്ങൾക്കുള്ളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഫ്ളക്സ് ബോർഡുകൾ നിറയ്ക്കും. പ്രകടനങ്ങളും അക്രമങ്ങളും നടക്കും. അതോടെ ക്ഷീണിച്ചിരിക്കുന്ന, അന്നുവരെ കൊന്നുതള്ളിയ പാർട്ടിക്ക് പുതിയ ഒരു ഊർജ്ജമായി. അനുശോചനവും കോടിയുടെ നിറം നോക്കി മാത്രമായിരിക്കും ഇങ്ങനെ ഈ സമൂഹം എത്ര നാൾ മുന്നോട്ടു പോകും. ഒരു ജീവൻ പൊലിഞ്ഞെങ്കിലും സമൂഹം ഇതിൽ നിന്ന് ഒന്നും പഠിക്കാൻ പോകുന്നില്ല. പിടഞ്ഞുവീണ രക്തസാക്ഷിയുടെ ഊർജ്ജത്തിൽ ഈ രാഷ്ട്രീയവും ഒപ്പം പകയും ക്യാമ്പസുകളിൽ നീറിപ്പുകയും. തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോളേജിൽ പോലീസ് സാന്നിധ്യം ഉള്ളപ്പോഴാണ് ഈ ക്രൂര കൃത്യം എന്നോർക്കണം. നിയമങ്ങളും സംവിധാനങ്ങളും മാറ്റാൻ ധൈര്യമുള്ളവർ നമ്മെ ഭരിക്കാനെത്തും വരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. ധീരജിന്റെ ഈ മരണം കലാലയ രാഷ്ട്രീയത്തിന്റെ നിരോധനത്തിലേക്ക് നയിക്കുമോ? കാത്തിരുന്ന് കാണണം. രാഷ്ട്രീയം ഏതുമാകട്ടെ അതിന്റെ പേരിൽ വരും തലമുറയെയെങ്കിലും കൊല്ലാതിരുന്നുകൂടെ ?

Related Articles

Latest Articles