സാന്റിയാഗോ: കൊറോണ വൈറസ് വ്യാപനം ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുന്നു. ഭൂമിയിൽ ഇതുവരെയും കൊറോണ വൈറസിനു സാന്നിധ്യമറിയിക്കാൻ കഴിയാത്ത പ്രദേശമായിരിന്നു അന്റാർട്ടിക്ക. ചിലെ റിസർച്ച് ബേസിലെ 36 പേരാണു കോവിഡ് പോസിറ്റീവായത്.
ചിലെ സൈന്യത്തിലെ 26 പേർക്കും അറ്റകുറ്റപ്പണി നടത്തുന്ന 10 പേർക്കുമാണു രോഗം. ഇവരുടെ നില തൃപ്തികരമാണ്. ജനറൽ ബർണാഡോ ഓ ഹിഗ്ഗിൻസ് റിക്വൽമി ഗവേഷണ കേന്ദ്രത്തിൽ തിങ്കളാഴ്ചയാണു കോവിഡ് കണ്ടെത്തിയത്. രോഗബാധിതരെ ചിലെയിലെ പുന്ത അരീനയിലേക്കു മാറ്റിപ്പാർപ്പിച്ചു.
ബേസിനു പിന്തുണ നൽകിയിരുന്ന കപ്പലിലെ മൂന്നു ജീവനക്കാരും കോവിഡ് പോസിറ്റീവായി. കോവിഡ് വ്യാപനം തടയുന്നതിനായി അന്റാർട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവച്ചു. ലാസ്റ്റനന്റ് റോഡോൾഫോ മാർഷ് മാർട്ടിൻ എയർഫോഴ്‌സ് ബേസിൽ ജോലി ചെയ്യുന്ന സിവിലിയൻ ഉദ്യോഗസ്ഥർ താമസിക്കുന്ന ലാസ് എസ്ട്രെല്ലസ് ഗ്രാമത്തിലും ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അന്റാർട്ടിക്കിലെ ചിലിയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മഗല്ലൻസ് ഏരിയയുടെ പ്രാദേശിക ആരോഗ്യ സെക്രട്ടറി എഡ്വേർഡോ കാസ്റ്റിലോ പറഞ്ഞു. സാർജന്റ് ആൽഡിയ കപ്പലിലെ ആദ്യത്തെ മൂന്ന് പേർക്ക് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 208 കപ്പൽ ജീവനക്കാരെയും കപ്പലിൽ തന്നെ നിർത്തിയതായി നാവികസേന അറിയിച്ചു. നവംബർ 27 നും ഡിസംബർ 10 നും ഇടയിൽ ട്രിനിറ്റി പെനിൻസുലയിലെ കപ്പൽ സർവീസ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

