Saturday, April 27, 2024
spot_img

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ശുഭ പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍ എത്തിക്കും. കോവിഷീൽഡിന്‍റെ ആദ്യ ലോഡുകൾ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവിധ നഗരങ്ങളിലെത്തി. കേരളത്തിലേക്കുള്ള വാക്സിൻ ഡോസുകൾ നാളെയെത്തും. കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4,35,500 ഡോസ് വാക്സിനാണ് നല്‍കുക. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് പുലർച്ചയോടെയാണ് സംസ്ഥാനങ്ങളിലേക്ക് വാക്സിൻ അയച്ചു തുടങ്ങിയത്. പൂജ അടക്കമുള്ള ചടങ്ങുകൾക്ക് ശേഷമാണ് താപനില ക്രമീകരിച്ച ട്രക്കുകളില്‍ വാക്സിൻ പുറത്തെത്തിച്ചത്.

ട്രക്കുകളിൽ വിമാനത്താവളത്തിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാന മാർഗം എത്തിക്കുകയാണ്. സംസ്ഥാനത്തെ മൂന്ന് മേഖല വാക്സിന്‍ സ്റ്റോറേജ് കേന്ദ്രങ്ങളിലേയ്ക്കാണ് ആദ്യം വാക്സിന്‍ മാറ്റുക. ഇവിടങ്ങളില്‍ നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ വാക്സിന്‍ ‌ജില്ലകളിലെത്തിക്കും. എല്ലാം ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറോജ് ബോക്സുകളില്‍ ആശുപത്രികളിലെത്തിച്ചാണ് വാക്സിന്‍ നല്‍കുക.

കൊച്ചിയിൽ 3 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെത്തന്നെ എത്തും. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ സൗകര്യമുള്ളത്. എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഓക്സ്ഫോഡ് സർവകലാശായുടെ സഹായത്തോടെ ആസ്ട്രസനേകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്. അടുത്ത ശനിയാഴ്ച കേരളത്തിലടക്കം വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും.

Related Articles

Latest Articles