Wednesday, May 22, 2024
spot_img

കോവിഡ് വ്യാപനം: കോണ്‍ഗ്രസിന്റെ പൊതു പരിപാടികള്‍ റദ്ദാക്കി; സിപിഎം സമ്മേളനങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്കാവഹമാണെന്ന് കെ സുധാകരൻ പറഞ്ഞു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

അതേസമയം തന്നെ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലും സിപിഎം സമ്മേളനത്തിനു മാറ്റില്ല. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത കാട്ടാക്കട എംഎല്‍എ ഐബി സതീഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ജില്ലാ സമ്മേളനം മാറ്റിവയ്‌ക്കേണ്ടെന്നാണ് സിപിഎം തീരുമാനം.

നാളത്തെ സംഘടന തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞാല്‍ മാത്രമേ സമ്മേളനം അവസാനിക്കുള്ളു എന്നാണ് വാദം. മാത്രമല്ല കഴിഞ്ഞ ദിവസം മുഴുവന്‍ സമയവും സതീഷ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മോഹനന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

Related Articles

Latest Articles