Sunday, May 19, 2024
spot_img

കുരുക്ക് വീഴുമോ? നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി പറയാനൊരുങ്ങി ഹൈക്കോടതി.

കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ വ്യവസായി ആണെന്നാണ് പുറത്തുവരുന്ന സൂചന.

ഇന്ന് ക്രൈംബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്രകുമാർ വിഐപിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.

എന്നാൽ ഇതിനിടെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ജനുവരി 20നാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

Related Articles

Latest Articles