Saturday, October 3, 2026

രാജ്യത്ത് 25,404 പേർക്ക്കൂടി കൊവിഡ്; 339 മരണം; 15000ത്തോളം രോഗികളും കേരളത്തിൽ

ദില്ലി: 24 മണിക്കൂറിനിടെ രാജ്യത്ത് 25,404 പേർക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ‍അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 33,289,579 ആയി. പ്രതിദിന ടിപിആര്‍ 1.78 ശതമാനമാണ്. കഴിഞ്ഞ 15 ദിവസമായി പ്രതിദിന ടിപിആര്‍ 3 ശതമാനത്തില്‍ താഴെയാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേർ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 25,404 കേസുകളിൽ 15000ത്തോളം കേസുകളും കേരളത്തിൽ നിന്നാണ്. 15,058 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രോ​ഗബാധ സ്ഥിരീകരിച്ചത്. 16.39 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ആകെ നടത്തിയത് 54.44 കോടി കോവിഡ് പരിശോധനകളാണ്. ഇതുവരെ 75.22 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പിജിമെറിന്‍റെ സിറോ സര്‍വേ പറയുന്നു. മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.

മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജി മെർ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles