പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍. വെള്ളിയാഴ്ച നാട്ടിലെത്തിയ പന്തളം സ്വദേശി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ജില്ലയില്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേരുടെ ഫലം കൂടെ നെഗറ്റീവ് ആയി. മറ്റു 10 ഫലങ്ങള്‍ വരാനുണ്ട്. ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ തുടര്‍പരിശോധനാ ഫലങ്ങളും വരാനുണ്ട്. 27 രാജ്യങ്ങളില്‍ നിന്നായി അടുത്തിടെ ജില്ലയില്‍ എത്തിയ 430 പേര്‍ ഉള്‍പ്പെടെ 1248 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരെയും പ്രധാന ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്നവരെയും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പരിശോധിക്കുന്നുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റി വിടുന്നത്.

