Wednesday, May 15, 2024
spot_img

സംസ്ഥാനത്തെ സെറോ സർവ്വേ ഫലം ഇന്ന്; കുട്ടികളിലെ പഠനറിപ്പോർട്ടും ഇന്ന് വന്നേക്കും

തിരുവനന്തപുരം: എത്രപേർ കൊവിഡ് പ്രതിരോധ ശേഷി ആർജിച്ചെന്നറിയാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 14 ജില്ലകളിൽ മുപ്പതിനായിരത്തിലധികം പേരിൽ നടത്തിയ കൊവിഡ് പ്രതിരോധ ആന്റിബോഡി പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുട്ടികളിലെ സെറോ പഠനവും പ്രസിദ്ധീകരിച്ചേക്കും.

18 വയസിന് മുകളിലുള്ളവരിൽ 82 ശതമാനത്തിലധികവും കുട്ടികളിൽ നാൽപ്പത് ശതമാനവുമാണ് സെറോ നിരക്കെന്ന് നേരത്തെ സൂചനകൾ പുറത്തു വന്നിരുന്നു. വാക്സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിലാണ് മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും ഇരട്ടിയോളമായത്. ഗർഭിണികൾ, ഗ്രാമ-നഗര മേഖലകൾ, തിരദേശ -ആദിവാസി മേഖലകൾ എന്നിങ്ങനെ വെവ്വേറെ തരംതിരിച്ചാകും റിപ്പോർട്ട്.

സിറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ട് രീതിയിലൂടെ ഇത് കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്‌സിനേഷനിലൂടെയും ഇത് കൈവരിക്കാം. സംസ്ഥാനത്ത് നല്ല രീതിയില്‍ വാക്‌സിനേഷന്‍ നടന്നിട്ടുണ്ട്. 93 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. നല്ല രീതിയില്‍ രണ്ടാം ഡോസ് വാക്‌സിനും നല്‍കാനായി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കുറേപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താല്‍ സ്വാഭാവികമായും കൂടുതല്‍ പേര്‍ പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞിരുന്നു.

Related Articles

Latest Articles