Sunday, September 27, 2026

കോവിഡ് ബാധിതനാണോ എന്നറിയാന്‍ ഇനി വെറും 10 രൂപ മതി: ആകെ ചെയ്യേണ്ടത് ഇത് മാത്രം, ഒന്നു മണം തിരിച്ചറിയുക

ചെന്നൈ: ഗന്ധം തിരിച്ചറിയാനുള്ള ശേഷി വിലയിരുത്തി കോവിഡ് സാധ്യത കണ്ടെത്താനുള്ള കിറ്റ് വിജയകരം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. കാപ്പിപ്പൊടി, പുൽത്തൈലം എന്നിവയുടെ ഗന്ധം വിവിധ അളവുകളിൽ ചേർത്തിട്ടുള്ള അനോസ്മിയ ചെക്കര്‍ എന്ന് കിറ്റിന്‍റെ വില പത്തു രൂപയിൽ താഴെയാണ്. ചെന്നൈയിൽ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസില്‍ പ്രവേശിക്കപ്പെട്ട കോവിഡ് ബാധിതരിലാണ് പരീക്ഷണം നടത്തിയത്.

എന്നാല്‍ രോഗം സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും ആദ്യഘട്ട പരിശോധനകൾക്ക് ഇത് വളരെയധികം ഉപകാരപ്രദമാണ് എന്നാണ് കണ്ടെത്തല്‍. സാങ്കേതികവിദ്യ കൈമാറ്റ ശേഷം കിറ്റുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ശരീരവുമായി ബന്ധമില്ലാത്തതിനാല്‍ കിറ്റിന് ഐസിഎംആറിന്‍റെ അംഗീകാരവും ആവശ്യമില്ല. ന്യൂറോ സ്റ്റെം സെല്‍ ബയോളജി ലാബിലെ സയന്‍റിസ്റ്റായ ഡോക്ടർ ജാക്സൺ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കിറ്റ് വികസിപ്പിച്ചത്.

ഗന്ധം അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് അഥവാ അനോസ്മിയ എന്നത് കോവിഡിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പൂർണ്ണമായും ഗന്ധം അറിയാനുള്ള ശേഷി നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പുറമേ കുറഞ്ഞ അളവിൽ മാത്രം ഗന്ധം തിരിച്ചറിയാൻ കഴിയുന്ന ഹൈപ്പോസ്മിയ ഒരു ഗന്ധം മറ്റൊരു ഗന്ധമായി തിരിച്ചറിയുന്ന പരോസ്മിയയും കോവിഡ് ലക്ഷണം ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ മൂന്ന് അവസ്ഥകളും കണ്ടെത്താനായി ഒരു സ്ട്രിപ്പില്‍ ആറു കളളികളിലായി ഗന്ധം പലതോതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇവ ഓരോന്നും തുറന്ന് മണത്തു നോക്കുകയാണ് ആകെ ചെയ്യേണ്ടത്. ഓരോന്ന് ഓരോന്നായി മണത്ത ശേഷം എന്ത് തോന്നിയെന്ന് ഒപ്പമുള്ള ചോദ്യാവലിയുടെ മൊബൈൽ ആപ്പില്‍ രേഖപ്പെടുത്തണം. ഇത് വിലയിരുത്തിയാണ് കോവിഡ് സാധ്യത മനസ്സിലാക്കുന്നത്.

അതേസമയം ചെന്നൈയിൽ നടത്തിയ പരീക്ഷണത്തിൽ പുൽത്തൈലത്തിന്റെ ഗന്ധം സാമ്പാറിന്‍റെ ഗന്ധമാണെന്നാണ് ചിലർ തെറ്റായി തിരിച്ചറിഞ്ഞത്. ചിലരാകട്ടെ, ചില പഴങ്ങളുടെ ഗന്ധമാണെന്നും പറഞ്ഞു. പരോസ്മിയ എന്ന ഈ അവസ്ഥ പലകോവിഡ് ബാധിതരിലും ശ്രദ്ധയിൽപ്പെട്ടതായി ചെന്നൈയിലെ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോകെമിസ്ട്രി വകുപ്പിലെ പ്രൊഫസറായ ഡോക്ടർ ബാലരാമ കൈമൾ പറഞ്ഞു. ഒരു നിശ്ചിത മേഖലയിൽ കോവിഡ് വ്യാപനത്തിന്‍റെ തോത് പ്രാഥമിക തലത്തിൽ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.

Related Articles

Latest Articles