ദില്ലി; രാജ്യത്ത് പ്രതിദിന കോവിഡ് (Covid) രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞു. 24 മണിക്കൂറിനിടെ 2,51,209 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 എണ്ണം കുറവാണ് ഇത്. നിലവില്‍ 21,05,611പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.88% ആണ്. വ്യാഴാഴ്ച ഇത് 19.5 ശതമാനമായിരുന്നു.
24 മണിക്കൂറിനിടെ 627 പേരാണ് കോവിഡ് മൂലം മരിച്ചത്. കൂടുതൽപേരിലും വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പത്ത് സംസ്ഥാനങ്ങളിലാണ് 77% കോവിഡ് ബാധിതരുമുള്ളത്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,82,307 പരിശോധനകള്‍ നടത്തി. ആകെ 72.37 കോടിയിലേറെ (72,37,48,555) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. 24 മണിക്കൂറിനിടെ നല്‍കിയ 57 ലക്ഷത്തിലധികം (57,35,692) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 164.44 കോടി (1,64,44,73,216) പിന്നിട്ടു.
അതേസമയം രാജ്യത്ത് അതിതീവ്രമായി കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന് നടക്കും. പ്രതിരോധ വാക്‌സിനേഷൻ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തിര പ്രതികരണവും ആരോഗ്യ മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളുമെല്ലാം ചർച്ചയാകും.
കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം. എട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരാണ് ചർച്ചയിൽ പങ്കെടുക്കുക.

