ദില്ലി: രാജ്യത്ത് കൗമാരക്കാർക്കുള്ള (Vaccination For Teenagers) വാക്‌സിൻ ഇന്നുമുതൽ. പ്രതിരോധവാക്‌സിനായി ഇതുവരെ ആറ് ലക്ഷം കുട്ടികൾ കൊ-വിന്നിൽ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച മുതലാണ് കൗമരക്കാർക്കായുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ പ്രകാരം 6.35 ലക്ഷം കൗമാരക്കാരാണ് വാക്‌സിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.തദ്ദേശീയ വാക്‌സിനായ കൊവാക്‌സിൻ ആണ് കൗമരക്കാർക്ക് നൽകുക. കഴിഞ്ഞ മാസം 24 നാണ് 15 നും 18 നും ഇടയിലുള്ളവർക്ക് കോവാക്‌സിൻ നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കേരളത്തിൽ കൗമാരക്കായ 15.34 ലക്ഷം പേർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മുഴുവൻ ഉടൻ പ്രതിരോധ വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം കേരളത്തിൽ ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം. ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും വാക്‌സിൻ നൽകും. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് വാക്‌സിൻ വിതരണം. കോ-വിന്നിൽ വാക്‌സിനായി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. വാക്‌സിൻ സ്വീകരിച്ച കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തും.
സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും അറിയിച്ചു. ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് വാക്‌സിനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

