ദില്ലി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ രാജ്യത്ത് കൊവിഡ് (Covid) കേസുകളില്‍ വന്‍വര്‍ധന.ഇന്ന് പ്രതിദിന കൊവിഡ് കേസുകള്‍ 16,700 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഒമ്പത് മെട്രോ നഗരങ്ങളിലാണ് വൻ വർദ്ധനയുണ്ടായത്. മുംബൈ, ദില്ലി, കൊൽക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
ഒമിക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. ദില്ലിയിലും മുംബൈയിലുമാണ് ഒമിക്രോണ്‍ വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം ഇന്നലെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. പിംപ്രി-ചിന്ച്ച്വാദിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. അതേസമയം ഒമിക്രോണ്‍ വ്യാപന തോത് കൂടിയതാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

