Friday, May 24, 2024
spot_img

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,189 പേര്‍ക്ക് കൂടി കൊവിഡ്; 387 മരണം; 400 കടന്ന് ഒമിക്രോണ്‍ കേസുകൾ

ദില്ലി: രാജ്യത്ത് പുതിയതായി 7,189 കോവിഡ് (Covid) കേസുകൾ കൂടി സ്ഥിരീകരിച്ചു.. നിലവില്‍ കൊവിഡ് ബാധിച്ച് 77,032 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 387 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,79,520 ആയി.

അതേസമയം വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് 415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ 27 കേസുകളുമായി അഞ്ചാം സ്ഥാനത്താണുള്ളതെന്നും ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 79 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത്-43, തെലങ്കാന-38 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.

അതേസമയം ഇന്ത്യയിൽ രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഉത്തർ പ്രദേശിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങൾക്കും മറ്റ് സാമൂഹിക ഒത്തുചേരലുകൾക്കും ഇരുനൂറ് പേരാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കാനാണ് നിർദേശം. കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചതിൽ 73 ശതമാനം ആളുകൾക്കും ലക്ഷണങ്ങളില്ലാത്ത രോഗബാധയാണ് കണ്ടെത്തിയിരിക്കുന്നത്. 91 ശതമാനം രോഗബാധിതരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles